നാടന്‍ തോരനില്‍ രുചിഭേദങ്ങള്‍
മലയാളിയുടെ രുചിപക്ഷപാതങ്ങളില്‍ പെടുന്ന ഒന്നാണ് തോരന്‍. ചോറുണ്ണാന്‍ ഒരു തോരനോ മെഴുക്കുപുരട്ടിയോ നമ്മുടെ നിര്‍ബന്ധ കൂട്ടാനാണ്. അല്‍പമൊന്നു മനസ്സിരുത്തിയാല്‍ തോരന്‍ വിഭവങ്ങളില്‍ രുചിയുടെ രസകരമായ വൈവിദ്ധ്യം പരീക്ഷിക്കാവുന്നതേയുള്ളൂ. അത്തരം ചില വേറിട്ട തോരനുകളാണ് ഇക്കുറി
മുതിരത്തോരന്‍
ആവശ്യമുള്ള സാധനങ്ങള്‍
മുതിര - അഞ്ഞൂറ് ഗ്രാം
മുളകുപൊടി - രണ്ട്‌ടീസ്‌പൂണ്‍
ഉള്ളി (ചതയ്‌ക്കുക)- അഞ്ചെണ്ണം
വെളുത്തുള്ളി (ചതച്ചത്) - 5 അല്ലി
തേങ്ങ ചിരകിയത് - ഒരു മുറി
ഉപ്പ് - ഒരു ടേബിള്‍സ്‌പൂണ്‍
വെളിച്ചെണ്ണ - ഒരു ടേബിള്‍സ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു ടീസ്‌പൂണ്‍
കറിവേപ്പില - പാകത്തിന്
തയ്ായറാക്കുന്ന വിധം
കുതിര്‍ത്ത മുതിര ആവശ്യത്തിന് വെള്ളവും ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിക്കുക. ചൂടായ എണ്ണയില്‍ കടുക്, വെളുത്തുള്ളി, ചുമന്നുള്ളി, മുളകുപൊടി ചേര്‍ത്ത് കറിവേപ്പില എന്നിവ വഴറ്റുക. ഇതിലേക്ക് വേവിച്ച മുതിര ചേര്‍ത്തിളക്കുക. ആവശ്യമെങ്കില്‍ ചിരകിയ തേങ്ങയും ചേര്‍ത്തിളക്കി വാങ്ങിവയ്‌ക്കുക.
ചീരത്തോരന്‍
ആവശ്യമുള്ള സാധനങ്ങള്‍
1. ചീര പൊടിയായരിഞ്ഞത് -4 കപ്പ്
തിരുമ്മിയ തേങ്ങ - ഒരുകപ്പ്
പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് - അര ടീസ്‌പൂണ്‍
ഉള്ളി - രണ്ടെണ്ണം
വെളുത്തുള്ളി- രണ്ട് അല്ലി
കടുക് - അര ടീസ്‌പൂണ്‍
അരി - ഒരു ടീസ്‌പൂണ്‍
ഉപ്പ് - പാകത്തിന്
വറ്റല്‍മുളക്‌് (രണ്ടായി പിച്ചിയത്)- 1
വെളിച്ചെണ്ണ - ഒരു ടീസ്‌പൂണ്‍
കറിവേപ്പില - ഒരു തണ്ട്
തയ്യാറാക്കുന്ന വിധം
ചീര ഒരു ഉരുളിയില്‍ എടുത്ത് അല്‌പം ഉപ്പുനീരും വെള്ളവും തളിക്കുക. തേങ്ങ, പച്ചമുളക്, ഉള്ളി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് ചതച്ച് ചീരയുടെ നടുക്കുവച്ച് മൂടിവയ്‌ക്കുക. വെള്ളം മുഴുവന്‍ വറ്റിയതിനുശേഷം ചീര ഇളക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകും അരിയും വറ്റല്‍മുളകും പൊട്ടിച്ച്‌് കരിവേപ്പിലയും ഇട്ട് വഴറ്റുക. ഇതിലേക്ക് ചീര കുടഞ്ഞിട്ട് നന്നായി ഇളക്കുക. ചൂടോടെ വിളമ്പാവുന്നതാണ്.
മത്തയില തോരന്‍
ആവശ്യമുള്ള സാധനങ്ങള്‍
മത്തന്റെ തളിരില അരിഞ്ഞത് - രണ്ട് കപ്പ്
തേങ്ങ ചിരകിയത്- അരക്കപ്പ്
മഞ്ഞള്‍പ്പൊടി - അരടീസ്‌പൂണ്‍
മുളകുപൊടി - ഒരു ടീസ്‌പൂണ്‍
ഉള്ളി - മൂന്ന് അല്ലി
വെളുത്തുള്ളി - രണ്ട് അല്ലി
എണ്ണ - പാകത്തിന്
വറ്റല്‍മുളക് - രണ്ടെണ്ണം
കടുക് - അരടീസ്‌പൂണ്‍
ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ മത്തയില ഇടുക. നടുക്ക്, ഉള്ളി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, മുളകുപൊടി ചേര്‍ത്ത് തേങ്ങ ചതച്ചെടുക്കുക. വെന്ത ഇലയിലേക്ക് ഈ കൂട്ടും ഉപ്പും ചേര്‍ത്ത് ഇളം തീയില്‍ വയ്‌ക്കുക. ചൂടായ എണ്ണയില്‍ കടുകുപൊട്ടിച്ച് വറ്റല്‍മുളക് മൂപ്പിച്ച് ചേര്‍ക്കുക. ചൂടോടെ ചോറിനൊപ്പം കഴിക്കാം.
ഇടിച്ചക്കത്തോരന്‍
ആവശ്യമുള്ള സാധനങ്ങള്‍
കുരുന്ന് ചക്ക ചെറിയ കഷണങ്ങളാക്കിയത് ഉപ്പും മഞ്ഞളും ചേര്‍ത്ത് വേവിച്ചത് - മൂന്ന് കപ്പ്
തേങ്ങ ചിരകിയത് - ഒരു കപ്പ്
ഉള്ളി - നാല് അല്ലി
മുളകുപൊടി - ഒരു ടീസ്‌പൂണ്‍
എണ്ണ - പാകത്തിന്
ഉപ്പ് ആവശ്യത്തിന്
വറ്റല്‍മുളക്‌് - രണ്ടെണ്ണം
കടുക് - അരടീസ്‌പൂണ്‍
ഉഴുന്നുപരിപ്പ് - ഒരു ടീസ്‌പൂണ്‍
തയ്യാറാക്കുന്ന വിധം
വേവിച്ചുവച്ചിരിക്കുന്ന ചക്ക ഉരുളിയിലാക്കി വയ്‌ക്കുക. ഇതിലേക്ക് തേങ്ങ, മഞ്ഞള്‍പ്പൊടി, ഉള്ളി, മുളകുപൊടി എന്നിവ ചതച്ച് ചക്കയുടെ നടുക്കായി തട്ടിപ്പൊത്തി ചെറുതീയില്‍വയ്‌ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുക്, വറ്റല്‍മുളക്, ഉഴുന്നുപരിപ്പ് എന്നിവ താളിച്ച് ചക്കയിലിടുക. ചെറുതീയില്‍ നന്നായി ഇളക്കിയതിനുശേഷം ചൂടോടെ ഉപയോഗിക്കാം.
മത്തപ്പൂവ് തോരന്‍
ആവശ്യമുള്ള സാധനങ്ങള്‍
ചെറുതായി അരിഞ്ഞ മത്തപ്പൂവ്-4 കപ്പ്
വെളിച്ചെണ്ണ - രണ്ട് ടേബിള്‍സ്‌പൂണ്‍
കടുക് - ഒരു ടീസ്‌പൂണ്‍
ഉഴുന്നുപരിപ്പ് - കാല്‍ടീസ്‌പൂണ്‍
വറ്റല്‍മുളക് - രണ്ടെണ്ണം
നീളത്തില്‍ അരിഞ്ഞ ചുവന്നുള്ളി - കാല്‍കപ്പ്
പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത്- 3 ടേബിള്‍ സ്‌പൂണ്‍
തേങ്ങ - അരക്കപ്പ്
കറിവേപ്പില, ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ചുവന്നുള്ളിയും പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക. തേങ്ങയും മത്തപ്പൂവ് അരിഞ്ഞതും കൂടി ചേര്‍ത്ത് ഇളക്കുക. ഉപ്പ് ചേര്‍ത്ത് മത്തപ്പൂവ് വെന്ത് ഉലരുന്നതുവരെ ചെറുചൂടില്‍ ഇളക്കുക. വെള്ളമയം മാറിക്കഴിയുമ്പോള്‍ വാങ്ങി ചൂടോടെ ചോറിനൊപ്പം വിളമ്പാം.
താള് തോരന്‍
ആവശ്യമുള്ള സാധനങ്ങള്‍
ചേമ്പിന്‍തണ്ട് ചെറുതായരിഞ്ഞത് - 3 കപ്പ്
ഉഴുന്നുപരിപ്പ് - ഒരു ടീസ്‌പൂണ്‍
കടുക് - ഒരു ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - അരടീസ്‌പൂണ്‍
മുളകുപൊടി - രണ്ട് ടീസ്‌പൂണ്‍
ഉപ്പ്, കറിവേപ്പില - പാകത്തിന്
വെളിച്ചെണ്ണ - പാകത്തിന്
ചിരകിയ തേങ്ങ - ഒരു മുറി
വറ്റല്‍മുളക് - രണ്ടെണ്ണം
തയ്യാറാക്കുന്ന വിധം
ചേമ്പിന്‍തണ്ടില്‍ ഉപ്പ് ചേര്‍ത്തശേഷം വെള്ളം നന്നായി പിഴിഞ്ഞുകളയുക. എണ്ണയില്‍ കടുക്, ഉഴുന്നുപരിപ്പ്‌്, വറ്റല്‍മുളക് ഇവ മൂപ്പിക്കുക. ചേമ്പിന്‍തണ്ടിനോടൊപ്പം മഞ്ഞള്‍പ്പൊടി, മുളകുപൊടി, ചിരകിയ തേങ്ങ, ഉപ്പ് ഇവ ചേര്‍ത്തിളക്കി വയ്‌ക്കുക. ചെറുതീയില്‍ വേവിക്കുക. കറിവേപ്പില ഇട്ട് ഇളക്കുക. താള് തോരന്‍ തയ്യാര്‍.
നാടന്‍ ചെമ്പരത്തിപ്പൂ തോരന്‍
ആവശ്യമുള്ള സാധനങ്ങള്‍
1. നാടന്‍ ചെമ്പരത്തിപ്പൂ ഇതള്‍ - 1കപ്പ്
ചുമന്നുള്ളി നീളത്തിലരിഞ്ഞത് - നാലെണ്ണം
ഇഞ്ചി ചെറുതായരിഞ്ഞത് - 1 കഷണം
പച്ചമുളക് വട്ടത്തിലരിഞ്ഞത് - രണ്ടെണ്ണം
കറിവേപ്പില - രണ്ട് ഇതള്‍
തേങ്ങ ചിരവിയത് - 1 ടേബിള്‍സ്‌പൂണ്‍
കടുക് - അരടീസ്‌പൂണ്‍
ഉപ്പ് - പാകത്തിന്
എണ്ണ - ഒരു ടേബിള്‍സ്‌പൂണ്‍
തയ്യാറാക്കുന്ന വിധം
എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് അതില്‍ ചുമന്നുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവയിട്ട് പകുതി വഴന്നുവരുമ്പോള്‍ ചെമ്പരത്തിപ്പൂവ്, തേങ്ങ ചിരവിയത്, ഉപ്പ് എന്നിവ ഇട്ട് ഒരു മിനിറ്റ് വേവിക്കുക.
പച്ചത്തക്കാളി തോരന്‍
ആവശ്യമുള്ള സാധനങ്ങള്‍
പച്ചത്തക്കാളി - 250 ഗ്രാം
ഉള്ളി നീളത്തിലരിഞ്ഞത് - ആറെണ്ണം
തേങ്ങ ചിരവിയത് - കാല്‍കപ്പ്
പച്ചമുളക് വട്ടത്തിലരിഞ്ഞത് - നാലെണ്ണം
മഞ്ഞള്‍പ്പൊടി - കാല്‍ടീസ്‌പൂണ്‍
എണ്ണ - ആവശ്യത്തിന്
കറിവേപ്പില, ഉപ്പ് - ആവശ്യത്തിന്
ഇഞ്ചി അരിഞ്ഞത് - ഒരു ടീസ്‌പൂണ്‍
തയ്യാറാക്കുന്ന വിധം
ചൂടാക്കിയ എണ്ണയില്‍ കടുക്, കറിവേപ്പില, ചുവന്നുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ വഴറ്റുക. പകുതി മൂപ്പാകുമ്പോള്‍ തക്കാളി ചേര്‍ത്ത് വഴറ്റുക. തക്കാളി വാടിത്തുടങ്ങുമ്പോള്‍ തേങ്ങാപ്പീര ചേര്‍ത്ത് വാങ്ങാം.
തകരയില തോരന്‍
ആവശ്യമുള്ള സാധനങ്ങള്‍
തകരയില - മൂന്ന് കപ്പ്
തേങ്ങ - കാല്‍ മുറി
വറ്റല്‍മുളക് - രണ്ടെണ്ണം
കടുക് - ഒരു നുള്ള്
വെളിച്ചെണ്ണ - ഒരു ടേബിള്‍സ്‌പൂണ്‍
ഉപ്പ് - പാകത്തിന്
ചുവന്നുള്ളി - രണ്ടെണ്ണം
തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക്, വറ്റല്‍മുളക് എന്നിവ പൊട്ടിച്ച്, അതിലേക്ക് ചുവന്നുള്ളി ഇട്ട് വഴറ്റുക. തകരയിലയും തേങ്ങ ചിരവിയതും ചേര്‍ത്തിളക്കുക. ഉപ്പ് ചേര്‍ക്കുക. ചെറുതീയില്‍ ചൂടാക്കുക.
ഇടിച്ചക്ക ചക്കക്കുരു വേവിച്ചത്
ആവശ്യമുള്ള സാധനങ്ങള്‍
ഇടിച്ചക്ക ചെറിയ കഷണങ്ങളാക്കിയത്- രണ്ട് കപ്പ്
ചക്കക്കുരു കനംകുറച്ച് അരിഞ്ഞത് - ഒരു കപ്പ്
വെള്ളം - രണ്ട് കപ്പ്
ഉപ്പ് - പാകത്തിന്
തേങ്ങ ചിരകിയത് - രണ്ട് കപ്പ്
മഞ്ഞള്‍പ്പൊടി - ഒരു ടേബിള്‍സ്‌പൂണ്‍
ജീരകം - ഒരു ടീസ്‌പൂണ്‍
വെളുത്തുള്ളി - മൂന്ന് അല്ലി
ചുവന്നുള്ളി - മൂന്ന് അല്ലി
ഇഞ്ചി - ഒരു കഷണം
പച്ചമുളക്- നാലെണ്ണം
കടുക് - ഒരു ടീസ്‌പൂണ്‍
കറിവേപ്പില -പാകത്തിന്
വെളിച്ചെണ്ണ - രണ്ട് ടേബിള്‍സ്‌പൂണ്‍
തയ്യാറാക്കുന്ന വിധം
തേങ്ങ, മഞ്ഞള്‍പ്പൊടി, ജീരകം, വെളുത്തുള്ളി, ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക് ഇവ ചേര്‍ത്ത് തരുതരുപ്പായി അരയ്‌ക്കുക. ഇടിച്ചക്കയും ചക്കക്കുരുവും ഉപ്പും ചേര്‍ത്ത് പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക. വെന്ത് വെള്ളം വറ്റിയശേഷം തേങ്ങ അരപ്പ് ചേര്‍ത്ത് അല്‌പനേരം മൂടിവയ്‌ക്കുക. അരപ്പ് വെന്തുകഴിയുമ്പോള്‍ വാങ്ങുക.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. കറിവേപ്പിലയിട്ട് മൂപ്പിച്ച് ഇടിച്ചക്കയില്‍ ചേര്‍ത്തിളക്കി ചൂടോടെ വിളമ്പാം.
വേലിച്ചീര- പരിപ്പുതോരന്‍
ആവശ്യമുള്ള സാധനങ്ങള്‍
വേലിച്ചീര കൊത്തിയരിഞ്ഞത് - 4കപ്പ്
പരിപ്പ് - 100 ഗ്രാം
വെള്ളം - അരക്കപ്പ്
തേങ്ങ ചിരകിയത് - ഒരു കപ്പ്
മഞ്ഞള്‍പ്പൊടി - അരടീസ്‌പൂണ്‍
വെളുത്തുള്ളി - ആറ് അല്ലി
ചുവന്നുള്ളി - നാല് അല്ലി
ഉണക്കമുളക് ചതച്ചത് - നാലെണ്ണം
കുരുമുളക് - ഒരു ടേബിള്‍സ്‌പൂണ്‍
വെളിച്ചെണ്ണ - രണ്ട് ടേബിള്‍സ്‌പൂണ്‍
കടുക് - ഒരു ടീസ്‌പൂണ്‍
കറിവേപ്പില - പാകത്തിന്
ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്ന വിധം
അരക്കപ്പ് വെള്ളത്തില്‍ പരിപ്പ് വേവിക്കുക. പരിപ്പ് പാതി വെന്തു കഴിയുമ്പോള്‍ വേലിച്ചീര അരിഞ്ഞ് ഇതിന്റെ മുകളില്‍ ഇട്ട് പാത്രം മൂടിവച്ച് അഞ്ചുമിനിറ്റ് വേവിക്കുക. തേങ്ങ ചിരകിയത്, മഞ്ഞള്‍പ്പൊടി, വെളുത്തുള്ളി, ചുവന്നുള്ളി, എന്നീ ചേരുവകള്‍ ഒരുമിച്ച് തരുതരുപ്പായി അരച്ചത് ഉപ്പും ചേര്‍ത്ത് കറിയില്‍ ഒഴിച്ച് മൂടിവച്ച് ആവികയറ്റുക. അതിനുശേഷം ഇളക്കി പാത്രത്തിലെ വെള്ളമയം തോര്‍ന്നുകഴിയുമ്പോള്‍ വാങ്ങിവയ്‌ക്കുക.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. കടുകിട്ട് പൊട്ടിക്കുക. ഉണക്കമുളകും കറിവേപ്പിലയും ചേര്‍ത്ത് മൂപ്പിച്ചശേഷം പരിപ്പും വേലിച്ചീരയും അരപ്പുചേര്‍ത്ത് വേവിച്ചത് എണ്ണയില്‍ കുടഞ്ഞിട്ട് ഉലര്‍ത്തിയെടുക്കുക. ചൂടോടെ ചോറിനൊപ്പം വിളമ്പാവുന്നതാണ്.
ഇലുമ്പന്‍പുളി തോരന്‍
ആവശ്യമുള്ള സാധനങ്ങള്‍
പിഞ്ച് ഇലുമ്പന്‍പുളി - ഒരു കപ്പ്
ചുമന്നുള്ളി (നീളത്തിലരിഞ്ഞത്) - 4
പച്ചമുളക് വട്ടത്തിലരിഞ്ഞത് - 2
ഇഞ്ചി ചെറുതായരിഞ്ഞത്-1 കഷണം
മഞ്ഞള്‍പ്പൊടി - അരടീസ്‌പൂണ്‍
ഉപ്പ് - പാകത്തിന്
കറിവേപ്പില - രണ്ടിതള്‍
കടുക് - അരടീസ്‌പൂണ്‍
എണ്ണ - ഒരു ടേബിള്‍സ്‌പൂണ്‍
തയ്യാറാക്കുന്ന വിധം
എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് ചുമന്നുള്ളി, പച്ചമുളക്, ഇഞ്ചി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വഴറ്റുക. വഴന്നു വരുമ്പോള്‍ കറിവേപ്പിലയും ഉപ്പും പുളിയും ചേര്‍ത്ത് മൂടിവച്ച് വേവിക്കുക